പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

കേരള ചിത്രകലാരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ സി.എന്‍ .കരുണാകരന്‍ 1940-ല്‍ ഗുരുവായൂരിലെ ബ്രഹ്മകുളത്തിലാണ് ജനിച്ചത്. മദ്രാസില്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്ടില്‍ നിന്ന് കലാപഠനം പൂര്‍ത്തിയാക്കി. ഡി.പി.റോയ് ചൗധരിയും കെ.എസി.എസ്.പണിക്കറും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.

സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി രേഖാചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനാണ്. കേരളത്തിലെ ആദ്യ സ്വകാര്യകലാപ്രദര്‍ശനശാലയായ 'ചിത്രകൂടം' അദ്ദേഹമാണ് ആരംഭിച്ചത്.

കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.