ടൂറിസം നിലനില്‍ക്കാന്‍ വേണ്ടത് സമാധാനാന്തരീക്ഷം

വര്‍ക്കല: വളരുന്ന ടൂറിസം.തകരുന്ന ക്രമസമാധാനം

1980കളിലാണ് വര്‍ക്കല വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. മനോഹരമായ തീരവും ചെമ്മണ്‍കുന്നുകളുടെ സൗന്ദര്യവും ഓരോ വര്‍ഷവും ടൂറിസത്തെ വളര്‍ത്തി. 90 കളായതോടെ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന കേന്ദ്രമായി. തുടര്‍ന്ന് വിദേശവിനോദസഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ശിവഗിരി സന്ദര്‍ശിച്ചപ്പോള്‍ നിര്‍മിച്ച ഹെലിപ്പാഡ് മാത്രമായിരുന്നു പ്രദേശത്ത് എടുത്തുപറയാനുണ്ടായിരുന്നത്. ടൂറിസം വളര്‍ന്നതോടെ ഹെലിപ്പാട് മുതല്‍ റിസോര്‍ട്ടുകള്‍ കൂണുകള്‍ പോലെ നിരന്നു.

വിലയില്ലാതെ കിടന്ന സ്ഥലത്തിന് പൊന്നുംവിലയായി. ഇതോടെ റിയല്‍ എസ്റ്റേറ്റുകാരുടെ പ്രധാന ബിസിനസ് കേന്ദ്രമായി പാപനാശം മാറി. റിസോര്‍ട്ട് മേഖലയില്‍ സെന്റിന് അഞ്ച് ലക്ഷമാണ് കുറഞ്ഞവില. നടപ്പാതയ്ക്ക് സമീപമാണെങ്കില്‍ ദശലക്ഷമാകും. റിസോര്‍ട്ടുകള്‍ക്കായി 11 മാസത്തേക്ക് സ്ഥലം വന്‍തുകയ്ക്ക് ലീസിന് നല്‍കുന്നവരുണ്ട്. 20 ലക്ഷം രൂപവരെ നല്‍കി സ്ഥലമെടുത്തവരുണ്ട്. സ്ഥലമെടുത്തശേഷം കൂടുതല്‍ തുകയ്ക്ക് മറിച്ച് നല്‍കുന്നവരും സജീവമാണ്.

11 മാസത്തേക്കാണ് എഗ്രിമെന്റെങ്കിലും അഞ്ച് മാസമാണ് സീസണ്‍. ഇക്കാലയളവില്‍ വന്‍തുക തിരിച്ചുപിടിക്കുകയും ലാഭമുണ്ടാക്കുകയും വേണം. നിയമവിരുദ്ധമായ ചെയ്തികളിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ടൂറിസത്തിന് ഭീഷണിയാണ്.

വിനോദസഞ്ചാരകേന്ദ്രമായതോടെ പാപനാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ ജീവിതത്തിലും മാറ്റമുണ്ടായി. വിദേശികള്‍ക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ച് അവരുടെ സംസ്‌കാരവുമായി യോജിച്ച് ജീവിതം നയിക്കുന്നവരും തീരത്തുണ്ട്. വിദേശകറന്‍സികള്‍ മാറുന്ന കേന്ദ്രങ്ങള്‍ ബീച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് നിരക്കിനെക്കാള്‍ കൂടുതല്‍ തുക നല്‍കുന്ന സ്ഥലങ്ങളുമുണ്ട്.

പാപനാശവുമായി ബന്ധപ്പെട്ട് മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്ന നിരവധിപേരുണ്ട്. കച്ചവടത്തില്‍ ലാഭം കൊയ്തവരും നഷ്ടമുണ്ടായവരും അക്കൂട്ടത്തിലുണ്ട്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെ ഇവര്‍ എപ്പോഴും എതിര്‍ക്കാറുണ്ട്. എന്നാല്‍ ഇവ തടയേണ്ട ഉദ്യോഗസ്ഥരും ഭരണാധികാരികളും അനധികൃതപ്രവൃത്തികള്‍ക്ക് കൂട്ടുനില്ക്കുന്നതായാണ് ആരോപണം. കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന നഗരസഭാ ഭരണാധികാരികള്‍ ബീച്ചിനെ കറവപ്പശുവായാണ് കണ്ടത്. പാപനാശത്ത് നിര്‍മാണപ്രവൃത്തികള്‍ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയെങ്കിലും തടയാനായിട്ടില്ല.

പുതിയ സീസണ്‍ ആരംഭിച്ചതോടെ ബീച്ചിലുള്ളതിന് പുറമേ ഹെലിപ്പാടില്‍ പുതുതായി പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചിട്ടുണ്ട്. എസ്.ഐ.യുടെ നേതൃത്വത്തില്‍ ആറ് പോലീസുകാര്‍ 24 മണിക്കൂറും ഡ്യൂട്ടിക്കുണ്ടാകും. രാത്രിയില്‍ ഹെലിപ്പാട് മുതല്‍ തിരുവമ്പാടി ഭാഗം വരെ പോലീസ് പട്രോളിങ് നടത്തുമെന്നും വര്‍ക്കല സി.ഐ. എസ്.ഷാജി പറഞ്ഞു. ടൂറിസം നിലനില്‍ക്കണമെങ്കില്‍ അക്രമങ്ങളൊഴിഞ്ഞ് സമാധാനാന്തരീക്ഷം ആവശ്യമാണ്. ക്രിമിനലുകളുടെ താവളമായി ബീച്ചും പരിസരവും മാറിയാല്‍ എല്ലാ മഴക്കാലത്തും ഇടിഞ്ഞുവീഴുന്ന പാപനാശം കുന്നുകളെപ്പോലെ ടൂറിസവും തകര്‍ച്ചയിലേക്ക് നീങ്ങും.