വര്‍ക്കല : മദ്യപര്‍ക്കും അമിതവേഗക്കാര്‍ക്കും പിന്നാലെ നിരീക്ഷണ കണ്ണുമായി ഇന്റര്‍സെപ്റ്റര്‍

No comments :
വര്‍ക്കല (VARKALA): മദ്യപിച്ചും അമിതവേഗം കാട്ടിയും നിരത്തുകളെ കൊലക്കളമാക്കി മാറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് ശക്തമായ താക്കീതുമായി വര്‍ക്കലയില്‍ പോലീസിന്റെ ഇന്റര്‍സെപ്റ്ററെത്തി. നഗ്‌നമായ ഗതാഗതലംഘനം നടത്തുന്നവര്‍ക്ക് പിന്നാലെ നിരീക്ഷണ കണ്ണുമായി ഇന്റര്‍സെപ്റ്റര്‍ എപ്പോഴും ഉണ്ടാകും. സുതാര്യമല്ലാത്ത കറുത്ത ഫിലിം ഒട്ടിച്ചിരിക്കുന്ന വാഹനങ്ങളെയും ഇവര്‍ പിടികൂടും. ആറ് ലക്ഷം രൂപ വിലവരുന്ന വാഹനത്തില്‍ 30 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ കുടുക്കാനുള്ള റഡാര്‍ സംവിധാനമാണ് ഇതില്‍ പ്രധാനം. ഇതില്‍നിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ വാഹനത്തില്‍ പതിച്ചാണ് വേഗം നിര്‍ണയിക്കുന്നത്. നിശ്ചിത വേഗപരിധി കഴിഞ്ഞ് ഓടുന്ന വാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കും. 300 രൂപവരെയാണ് പിഴ.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോമീറ്ററും ഇന്റര്‍സെപ്റ്ററിലുണ്ട്. ഇതിന്റെ ഔട്ട്‌ലെറ്റില്‍ അഞ്ച് സെക്കന്‍ഡ് ഊതുമ്പോഴേക്കും അകത്തുകിടക്കുന്ന മദ്യത്തിന്റെ അളവറിയാന്‍ കഴിയും. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ഓഫീസ് പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇവര്‍ പരിശോധന നടത്തും.

മൂന്ന് ജില്ലകള്‍ക്ക് വേണ്ടിയാണ് ഒരു വാഹനം ക്രമീകരിച്ചിരിക്കുന്നത്. ഒരു മാസം ഇവിടെ സേവനം ഉണ്ടാകും. എസ്.ഐ. രാധാകൃഷ്ണന്‍, എ.എസ്.ഐ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

[ Courtesy:  mathrubhumi.com ]

No comments :

Post a Comment