വര്‍ക്കല താലൂക്കായി


വര്‍ക്കല: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ വര്‍ക്കല തിരുവനന്തപുരം ജില്ലയിലെ അഞ്ചാമത്തെ താലൂക്കായി. വര്‍ക്കല മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താലൂക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ദേഹാസ്വാസ്ഥ്യം കാരണം വിശ്രമിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അതിവേഗം വികസിക്കുന്ന വര്‍ക്കലയുടെ തുടര്‍പുരോഗതിക്ക് താലൂക്ക് പദവി പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ താലൂക്കുകള്‍ എന്ന അധ്യായം തുറക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ഭയപ്പെട്ടിരുന്നു. ഏതൊക്കെ സ്ഥലങ്ങളാണ് ആവശ്യം, ഏതാണ് ഒഴിവാക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിലെ ബുദ്ധിമുട്ടുകളായിരുന്നു കാരണം. ഈ സര്‍ക്കാര്‍ അതില്‍ തീരുമാനമെടുത്തു. വര്‍ക്കലയുടെ പ്രാധാന്യവും പ്രത്യേകതയും വര്‍ക്കല കഹാര്‍ എം.എല്‍.എ. നിരന്തരം ശ്രദ്ധയില്‍പ്പെടുത്തിയത് പുതുതായി അനുവദിച്ച 12 താലൂക്കുകളില്‍ ഒന്നായി വര്‍ക്കല മാറുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. 12 താലൂക്കുകളും 30 വില്ലേജുകളും സര്‍ക്കാര്‍ നിലവില്‍ വന്നശേഷം രൂപവത്കരിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഭൂമി സര്‍ക്കാരിന് വിട്ടുതരേണ്ടിവരും. റീസര്‍വേയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിഹരിക്കും. ഒരു ജീവനക്കാരന് പോലും ജോലി നഷ്ടപ്പെടാതെ റീസര്‍വേ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിവില്‍സ്റ്റേഷന്‍ മന്ദിരത്തിന്റെ തറക്കല്ലിടലും ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണവും അടൂര്‍ പ്രകാശ് നിര്‍വഹിച്ചു.

ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ബി.സത്യന്‍ എം.എല്‍.എ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, മുന്‍ എം.എല്‍.എ. അഡ്വ. കെ.മോഹന്‍കുമാര്‍, അഡ്വ. എസ്.സുന്ദരേശന്‍, അഡ്വ. കെ.സുദര്‍ശനന്‍, വി.രഞ്ജിത്ത്, ഐ.എസ്. ഷംസുദ്ദീന്‍, ഇലകമണ്‍ സതീശന്‍, അഡ്വ. ബി.രവികുമാര്‍, വര്‍ക്കല സജീവ്, അഡ്വ. എസ്.കൃഷ്ണകുമാര്‍, പി.എം.ബഷീര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.റീന, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. രവീന്ദ്രന്‍ ഉണ്ണിത്താന്‍, എ.ബാലിക്, ശശീന്ദ്ര, ബുഷ്‌റ സാദിഖ്, അഡ്വ. ബി.ഷാലി, ബേബി രവീന്ദ്രന്‍, പി.സുരേഷ്‌കുമാര്‍, ഒ.ലിജ, ഉഷാകുമാരി, നഗരസഭ കൗണ്‍സിലര്‍ കെ.ജി.സുരേഷ്, ജോഷിബാസു, ശരണ്യാസുരേഷ്, ആര്‍.മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു. വര്‍ക്കല കഹാര്‍ എം.എല്‍.എ. സ്വാഗതവും തഹസില്‍ദാര്‍ എ.സി.ബാബു നന്ദിയും പറഞ്ഞു.

വര്‍ക്കലയുടെ താലൂക്ക് പദവിയുടെ ഉദ്ഘാടനത്തിന് സാക്ഷികളാകാന്‍ ആയിരങ്ങളാണ് എത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് ഘോഷയാത്ര നടന്നു.